തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ചോദ്യം ചെയ്യലിന് പിന്നിൽ രാഷ്ട്രീയമാണോ എന്ന ചോദ്യത്തിന് അസ്വഭാവികത ഇല്ലെന്നായിരുന്നു മറുപടി. കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്നും സിപിഎം തന്നെ ഏറ്റവും വലിയ കെണിയിൽ അകപ്പെടുമെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും കുറ്റങ്ങൾ മറ്റുള്ളവരിൽ ചാരാൻ പരിശ്രമം നടത്തുകയാണ്. മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. എസ് ഐ ടി അന്വേഷിക്കുന്നുണ്ടല്ലോ, എല്ലാം അന്വേഷിക്കട്ടെ.പോറ്റിക്കൊപ്പം ഉള്ള എന്റെയും ചിത്രം കിട്ടുമോ എന്ന് നോക്കട്ടെ, ഇതുവരെ കിട്ടിയിട്ടില്ലല്ലോ. വെറുതെ ചെളി വാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി ധരിക്കരുത്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വന്തം സ്ഥിതി വഷളാക്കും. ഹാ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല” എന്നും അദ്ദേഹം പറഞ്ഞു.


