കൊച്ചി: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലേറ്. യൂണിയന് സെക്രട്ടറി ഉള്‍പ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റില്‍ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്. സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മാനേജ്മെന്റ് നിലപാട് സ്വീകരിക്കുന്നു.
അതേസമയം, തിങ്കളാഴ്ച എറണാകുളത്തെ ഹെഡ് ഓഫീസില്‍ ജോലിക്കു കയറാന്‍ ശ്രമിച്ച മാനേജ്മെന്റ് അനുകൂല ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. എന്നാല്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ എറണാകുളത്തെ പ്രധാന ഓഫീസില്‍ ജോലിക്കു കയറാന്‍ തയാറായി എത്തുന്ന ജീവനക്കാരെ സമരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമായി നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


