പേവിഷബാധയ്ക്ക് സമീപ കാലത്തു വച്ച വാക്സിന് ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവു നായ്ക്കളെ പിടികൂടുന്നിതില് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പിന്മാറുന്നു. നായകളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടിയേറ്റാല്‍ പോലും കേരളത്തില്‍ സുരക്ഷിതമായ വാക്സിന് ലഭിക്കുമോ എന്ന സംശയമാണ് കാരണം.
നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ വച്ച് രണ്ടു മാസം മുന്‍പ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആറാം ക്ലാസുകാരന് പ്രിന്‍സിന് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. പ്രിന്‍സ് അടക്കം 19 പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റസ്ക്യു ഫോഴ്സാണ് നിലമ്പൂരിലെ പേവിഷബാധയുളള ഈ തെരുവു നായയെ അടക്കം പിടിച്ചത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അപകടകാരികളായ ഒട്ടേറെ നായകളേയാണ് ഇആര്‍എഫ് ഇതിനകം പിടികൂടിയത്.
ജില്ല ഭരണകൂടവും ഇആര്എഫന്റെ സഹായം തേടാറുണ്ട്. വാക്സിന് ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവു നായകളെ പിടികൂടാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ധൈര്യമില്ലെന്ന് ഇആര്‍എഫ് പറയുന്നു. ഇആര്‍എഫ് അടക്കമുളള സന്നദ്ധ സംഘടനകള്‍ പിന്മാറിയാല് പിന്നെ പേപ്പട്ടികളെ പിടികൂടുക പോലും വലിയ വെല്ലുവിളിയാകും.


