തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. മദ്യപിച്ച് വാഹനമോടിച്ചുവെന്നതിനെ സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണ് പ്രോസിക്യൂഷന് ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. കേസില്‍ സിറാജ് മാനേജ്മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന് നടത്തിയതെന്ന് വാദിഭാഗം കോടതിയില്‍ പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവായി മാറേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്.


