ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം എംഎൽഎമാർ ഏറ്റെടുക്കുന്നു.

ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
എറണാകുളം-തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്.
യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് ബെന്നി ബെഹനാനിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആരോഗ്യസ്ഥിതി പരിഗണിച്ച് ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത് വലതുക്യാംപിനെ അങ്കലാപ്പിലാക്കി. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ പ്രചാരണത്തിന് ഇറക്കാനുള്ള തീരുമാനം.


