തിരുവനന്തപുരം: പൊലീസുകാരെ തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിയുടെ കൂട്ടില്‍ കയറ്റി നിര്‍ത്തിയ സംഭവം ചര്‍ച്ചയായതിന് പിന്നാലെ മജിസ്ട്രേറ്റിന് സ്ഥലം മാറ്റം. നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് (രണ്ട്) ജോണ്‍ വര്‍ഗ്ഗീസിനെയാണ് സ്ഥലം മാറ്റിയത്.
രണ്ടാഴ്ച മുമ്പ് റിമാന്റ് പ്രതികളെ കോടതിയില്‍ എത്തിക്കാന്‍ താമസിച്ചതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് ശിക്ഷാ നടപടി സ്വീകരിക്കേ്ണ്ടി വന്നത്. ഇതോടെ മജിസ്ട്രേറ്റ് രണ്ട് പൊലീസുകാരെ പ്രതികള്‍ക്കൊപ്പം നിര്‍ത്തുകയും ഇവരുടെ ബെല്‍റ്റും തൊപ്പിയും ഊരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇത് വിവാദമായതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ടും നല്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി. നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്സിഫായിട്ടാണ് നിലവില്‍ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയത്. പ്രിന്‍സിപ്പല്‍ മുന്‍സിഫായ എം. സതീശനെ മജിസ്ട്രേറ്റായി തിരിച്ച് സ്ഥലം മാറ്റിയിട്ടുമുണ്ട്. നെയ്യാറ്റിന്‍കര കോടതി സമുച്ചയത്തില്‍ തന്നെയാണ് ഇരു കോടതികളും പ്രവര്‍ത്തിക്കുന്നത്. ഒരേ റാങ്കില്‍ ഉള്ളതാണ് ഇരു കോടതികളും.