മലപ്പുറം:ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു. ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ ഭര്‍തൃ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ വീട്ടില്‍ എത്തുന്നതിനു മുന്‍പേ തന്നെ ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി. അതേസമയം, എല്ലാം പരിഹരിക്കപ്പെടുമെന്നാണ് കനകദുര്‍ഗ പ്രതികരിച്ചത്. വീട് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ലെന്നും കുട്ടികളുടെ സംരക്ഷണം കോടതി പിന്നീട് തീരുമാനിക്കുമെന്നും വിധി പ്രസ്താവത്തിലുണ്ട്. അടുത്ത മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.

