കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു.
നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികളും വഹിച്ചിരുന്നു.
2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായി. 2005-2006, 2011-2016 ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായിരുന്നു.


