പാലക്കാട്: എസ്ഐആര്‍ ഹിയറിങ്ങ് നോട്ടീസിലും ഏത് രേഖകളാണ് ഹാജരാക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പൗരത്വ ഭേദഗതി നിയമപ്രകാരം ഓരോ പ്രായത്തിൽ ഉള്ളവർക്കും വ്യത്യസ്ത രേഖകൾ ഹാജരാക്കണം. വ്യക്തി വിവരങ്ങൾ അടങ്ങിയ ഹിയറിങ്ങ് നോട്ടീസിൽ ആരുടെയെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല.ജനന തിയതിയും ജനന സ്ഥലവുമുള്ള രേഖകളാണ് ഹാജരാക്കേണ്ടത് എന്നിരിക്കെ 13 രേഖകളും ഹിയറിങ്ങ് നോട്ടീസിൽ രേഖപെടുത്തിയതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നത്.
അതേസമയം, വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ വോട്ടർമാർക്ക് സഹായകരമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹിയറിങ്ങിനായി രേഖകൾ ഇല്ലാത്തവർക്ക് യുദ്ധകാലടിസ്ഥാനത്തിൽ അവ ലഭ്യമാകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ഈ കാലയളവിൽ രേഖകൾക്ക് ഫീസ് അനുവദിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശത്തിൽ പറയുന്നു. അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


