കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധൻ ജാമ്യ ഹർജിയിൽ വാദിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് ഗോവർദ്ധന്റെ വാദം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും. ദേവസ്വത്തിന്റെ ഭരണപരമായ പദവിയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയിൽ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടായ്മയിൽ അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് വാദം.

