കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎൽഎയാണ് ഇത്തരത്തിൽ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്.
അവർക്ക് വേണ്ടിയും കൂടിയാണ് ഞാൻ ശബ്ദിക്കുന്നത്. എന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്നം പരിഹരിക്കാൻ വന്നു എന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. അങ്ങനെ എങ്കിൽ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎൽഎ നൽകുന്നതെന്നും പരാതിക്കാരിയുടെ ഭർത്താവ് ചോദിച്ചു.


