വിയ്യൂര്‍: തമിഴ്നാട് പോലീസിന്റെ കാറില്‍നിന്ന് ഇറങ്ങിയ അവസരത്തില്‍ വിയ്യൂര്‍ ജയില്വളപ്പിലൂടെ രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ ബാലമുരുകന് (35) തിങ്കളാഴ്ച രാത്രിയാണ് രക്ഷപ്പെട്ടത്. ഇരകളെ ആക്രമിച്ച ശേഷം കവര്‍ച്ച നടത്തലാണ് ബാലമുരുകന്റെ രീതി. ഇയാളുടെ പേരിലുള്ള 43 കേസുകളും ഇത്തരത്തിലുള്ളതാണ്.
അതേസമയം തമിഴ്നാട് പൊലീസിനൊപ്പം ബാലമുരുകൻ ആലത്തൂരിൽ നിന്നും ഭക്ഷണം കഴിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭക്ഷണം കഴിച്ച ശേഷം പുറത്തിറക്കുന്പോൾ ബാലമുരുകന് കൈവിലങ്ങില്ല. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ ചാടിപ്പോകുന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
തമിഴ്നാട്ടിലെ അറുപ്പുകോട്ടൈ കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിനാണ് കൊണ്ടുവന്നത്. ജയിലിന് മുന്പിലെ ഹോട്ടലില്‍നിന്ന് വെള്ളം കുടിക്കാനായി വാഹനം നിര്‍ത്തിയ സമയത്ത് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ വിയ്യൂര്‍ പോലീസിന് മൊഴി നല്‍കിയത്. വെള്ളം കുടിക്കാനായി വിലങ്ങ് അഴിച്ചുവെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. അതേസമയം ആലത്തൂരില്‍ പ്രതിയും കൂടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരും ഭക്ഷണം കഴിച്ചതായി പറയുന്നുണ്ട്. പ്രതിയെ പിടിക്കാന്‍ ശ്രമിച്ചതിനാലാണ് പോലീസിനെ അറിയിക്കാന്‍ സമയം വൈകിയതിന് കാരണമായി പറയുന്നത്. ഒരു വര്‍ഷം മുന്‍പും ഇത്തരത്തില്‍ പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് ബാലമുരുകന് രക്ഷപ്പെട്ടിരുന്നു.


