ചാലക്കുടി: മദ്യലഹരിയിൽ റിപ്പർ മോഡൽ കൊലപാതക ശ്രമത്തിൽ യുവാവിനു ഗുരുതര പരുക്കേറ്റു. സംഭവത്തിൽ സുഹൃത്തുക്കളായ 2 പേർ പിടിയിൽ. പ്രതികളിൽ ഒരാൾ ഒളിവിൽ. കൊല്ലം സ്വദേശി പോരുവഴി കമ്പടി പാലവിളവീട്ടിൽ ഷാജിയെ (26) സുഹൃത്തുക്കൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.
കൊല്ലം വടക്കെ മൈനാഗപിള്ളി ചെറുതിട്ട പടിഞ്ഞാറ്റേത്തിൽ മധുസൂധനൻ പിള്ള (ബിജു–37), ശൂരനാട് മേലത്തുണ്ട് സുലൈമാൻ (48) എന്നിവരെയാണ് എസ്ഐമാരായ ബി.കെ. അരൂൺ, എം.എസ്. ഷാജൻ എന്നിവർ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി കൊല്ലം സ്വദേശി അൻഷാദ് ഒളിവിലാണ്.
ഇയാളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി ഡിവൈഎസ്പി സി.ആർ. സന്തോഷ് അറിയിച്ചു.ശനിയാഴ്ച രാത്രി 9.30ഓടെ ആനമല റോഡിലുള്ള ഹിൽവേ ടൂറിസ്റ്റ് ഹോമിലാണു സംഭവം. കർട്ടൻ കച്ചവടക്കരായ ഇവർ കഴിഞ്ഞ 9 വർഷമായി ഇവിടെ സ്ഥിര താമസക്കാരാണ്. മദ്യപിച്ചിരിക്കുന്നതിനിടയിൽ ഷാജിയുടെ മൊബൈലിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരുക്കേറ്റ ഷാജിയെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഎസ്ഐ ബെന്നി, സീനിയർ സിപിഒ സുമേഷ്, സിപിഒമാരായ ബിജു, സതീശൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


