ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റത്തെ ചൊല്ലി തർക്കം തുടരുകയാണ്. പാൽപ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര് നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും രംഗത്തെത്തി. എന്നാൽ അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
അമ്പലപ്പുഴ പാൽപ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വിൽക്കുന്നത് ദേവസ്വം ബോർഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാൻ പായസത്തിന് പേറ്റന്റ് നേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അമ്പലപ്പുഴ പാൽപ്പായസം, ഗോപാല കഷായം എന്നീ പേരുകളിൽ പേറ്റന്റ് നേടാനാണ് ശ്രമം. ചരിത്ര രേഖകളിൽ ഗോപാല കഷായം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡും പറയുന്നു.