തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടുകൂടി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മൂലം തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും കനത്തകാറ്റിനും മഴയ്ക്കും സാധ്യത. ന്യൂനമര്‍ദം ശ്രീലങ്ക കടന്ന് ബുധനോ വ്യാഴമോ കന്യാകുമാരി മേഖലയിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഓഖിയുടെ അതേ പാതയിലാണ് ഇതിന്റെയും സഞ്ചാരമെങ്കിലും ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ആറിനും ഏഴിനും കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരിഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാകും. ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയിരിക്കും. ആറുമുതല്‍ എട്ടുവരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.

