കോട്ടയം: സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചാന്പ്യന്‍ഷിപ്പ് നിര്‍ത്തിവച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മേലുകാവ് ചെവ്വൂര് കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനാണ് അഫീല്‍.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഹാമര്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകര്‍ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായില്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടര്‍ന്നു വിദ്യാര്‍ഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു.
ജാവലിന്‍ മത്സര വോളണ്ടിയറായിരുന്ന അഫീല്‍ ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്നു പതിക്കുകയായിരുന്നു. അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്.
മത്സരങ്ങളുടെ അപകടസാധ്യതകള്ക്കനുസരിച്ചു ക്രമീകരണം ഏര്‍പ്പെടുത്താത്തതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.


