തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മ്യൂസിയം എസ്ഐയ്ക്കു വീഴ്ചപറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു മണിക്കൂര്‍ വൈകിയത് ഗുരുതര പിഴവായിട്ടാണ് റിപ്പോര്‍ട്ട്. മാത്രമല്ല അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നാണ് കുറിച്ചത്.
സംഭവം നടന്ന ഉടനെതന്നെ കൃത്യമായ നടപടി എടുക്കാത്തത് വന്‍ വീഴ്ചയായിട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനിടയില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വകുപ്പുകള്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.മാത്രമല്ല ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലത്തില്‍ പറയുന്നതെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
സാമ്ബിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണമായിരിക്കുന്നത്. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു രക്ത സാമ്ബിള്‍ എടുത്തത്.
അതും ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു രക്ത സാമ്ബിള്‍ എടുത്തത്. ഇതിനിടെ മദ്യത്തിന്റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ഉണ്ട്.


