ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം. കര്‍ശന നിബന്ധകളോടെയാണ് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. 65 വയസിന് മുകളിലും പത്തുവയസില്‍ താഴെയും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനം അനുവദിക്കില്ല. സാമൂഹിക അകലവും മാസ്കും തെര്‍മല്‍ സ്ക്രീനിംഗും നിര്‍ബന്ധമാക്കി. ഒരേസമയം എത്രപേര്‍ക്ക് പ്രവേശനമാകാം എന്നത് മാര്‍ഗരേഖയിലില്ല.
ഷോപ്പിംഗ് മാളുകള്‍ തുറക്കാമെങ്കിലും തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുതെന്ന് മാര്‍ഗരേഖയുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തെര്‍മല്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും മാര്‍നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


