തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടന്ന് ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ പകുതി ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ സഹായമായി നല്കിയ 30 കോടിയില്‍ നിന്നാണ് ശമ്പളം വിതരണം ചെയ്തത്. എന്നാല്‍ ശമ്പളം ഗഡുക്കളായി നല്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ച് സിഐടിയു രംഗത്തെത്തി. ഇവരുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും.
ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി അറിയിച്ചു. ഒരു വര്‍ഷമായി സര്‍ക്കാര്‍ നല്കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും 12 മുതല്‍ 15 വരെ തീയതികള്‍ക്കിടയിലാണ് ഈ തുക ലഭിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പ്രതിമാസ കളക്ഷന്‍ ശരാശരി 200 കോടി രൂപയാണ്. സര്‍ക്കാര്‍ സഹായമില്ലാതെ തനത് ഫണ്ടില്‍ നിന്ന് മാത്രം പണം കണ്ടെത്താനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു.
ശമ്പളം ഗഡുക്കളായി നല്‍കുന്നതടക്കം മാനേജ്മെന്റിന്റെ പുതിയ പരിഷ്കാരങ്ങളെ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ എതിര്‍ത്തിരുന്നു. പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഗതാഗതമന്ത്രി ആന്റണി രാജു യൂണിയന് നേതാക്കളുമായി നാളെ ചര്‍ച്ച നടത്തുക.


