ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിന്ടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി. രണ്ടുപേർ മരിച്ചു.


