കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനം. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു. കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. എ എന്‍ ഷംസീര്‍ എംഎല്‍എ, വി മുരളീധരന് എം പി, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. ഇരുട്ടിയില്‍ സിപിഎം പ്രവര്ത്തകന് രാത്രിയില്‍ വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഇയാള്‍ ചികിത്സയിലാണ്. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്കി. യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.
യുവതി പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് മുന്‍കരുതല്‍ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം കൈമാറിയിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയൊഴികെയുള്ള മറ്റ് പതിമൂന്ന് ജില്ലകളിലും മുന്‍കരുതല്‍ അറസ്റ്റ് നടന്നിരുന്നില്ല. വ്യാഴാഴ്ച കണ്ണൂരൊഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപക ആക്രമണമാണ് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. എന്നാല്‍ കണ്ണൂര്‍ പൊതുവേ ശാന്തമായിരുന്നു. ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍ 19 പേരെ അറസ്റ്റ് ചെയ്തു. 33 പേരെ കരുതല്‍ തടങ്കലിലെടുത്തെന്ന് പൊലീസ് അറിയിച്ചു.


