കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കു നല്കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന് എന്ന സ്ഥാപനം മുഖേന ലിഡാര്‍ സര്‍വ്വെ നടത്തിയ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ കോഴിക്കോട് എന്‍ ഐ ടിയിലെ വിദഗ്ദ സംഘം പരിശോധന നടത്തി പ്രദേശങ്ങള്‍ വാസ യോഗ്യമാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജനുവരി മാസത്തില്‍ കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിര്‍ദ്ദേശം കൃഷി വകുപ്പ് മന്ത്രി നല്കി കഴിഞ്ഞു. ഉരുള്‍ പൊട്ടലിന്റെ ഫലമായി പുഴയില്‍ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനായി മേജര്‍ ഇറിഗേഷന്‍ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടര്‍ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.
ദുരന്തത്തില്‍ തകര്‍ന്നവ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള 7 പ്രവൃത്തികള്‍ക്കായി 49,60,000 രൂപ മൈനര്‍ ഇറിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചീനിയര്‍ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്ന മുറക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകര്‍ന്ന പാര്‍ശ്വ ഭിത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു.