കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. താഹയുടെ മുറിയിലാണ് പരിശോധന നടത്തിയത്. ഇത് രണ്ടാം തവണയാണ് താഹ ഫസലിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നത്. താഹയുടെ മുറി വിശദമായി പരിശോധിച്ച സംഘം രണ്ടു പുസ്തകങ്ങള്‍ കണ്ടെടുക്കുകയും ഇത് കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് കൊണ്ടുപോയ പുസ്തകങ്ങള്‍ താഹ സെമിനാര്‍ അവതരിപ്പിച്ചതാണെന്ന് താഹയുടെ ഉമ്മ ജമീല വ്യക്തമാക്കി.
താഹയുടെ പെരുമാറ്റത്തെക്കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. മുറിയിലുണ്ടായിരുന്ന ഒരു കത്തിയുടെ ചിത്രം എടുത്തുകൊണ്ടു പോയി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മകന് രക്ഷപ്പെടുമെന്ന് പൊലീസ് പറഞ്ഞതായും ഉമ്മ വ്യക്തമാക്കി. അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.