കസ്റ്റഡി മര്‍ദ്ദനങ്ങള്‍ വ്യാപകമാകുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീണ്ടും മൂന്നാംമുറ. കഴിഞ്ഞദിവസം സംഭവം പുറത്തായതോടെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് സിഐമാരെ സസ്പെന്‍ഡ് ചെയ്തു. വെള്ളറടയില്‍ നിരപരാധിയായ യുവാവിനെ മോഷണക്കേസുകളില്‍ കുടുക്കി മൃഗീയമായി മര്‍ദ്ദിച്ചതിനെതിരെയാണ് നടപടി.
21 ദിവസം ഇയാള്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ഹൃദ്രോഗിയായ ഇയാള്‍ക്ക് മൃഗീയ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കുന്നത്തുകാല്‍ ജംക്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയില്‍ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണന്‍നായരുടെ കയ്യില്‍നിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം.
കൊടിയ പീഡനമാണ് നേരിട്ടതെന്നാണ് റെജിന്‍ പറയുന്നത്. കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം പറയാനും നിര്‍ബന്ധിച്ചായിരുന്നു നടപടികള്‍. ആദ്യദിവസം സിഐയും എസ്ഐയും ചേര്‍ന്ന് മര്‍ദിച്ചു. രാത്രിയില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വച്ചായിരുന്നു മര്‍ദ്ദനം. നാലുപേര്‍ചേര്‍ന്ന് ഇടിച്ചു. ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മര്‍ദ്ദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനില്‍ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടിയെന്നും യുവാവ് പറയുന്നു.
പിറ്റേന്ന് കാഞ്ഞിരുംകുളത്ത് കൊണ്ടുപോവുകയും അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മര്‍ദ്ദിപ്പിച്ചു. കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. അടുത്ത ദിവസം പൂവാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. ഇവിടെ വച്ച് കാല്‍വിരലുകളിലെ നഖത്തിനിടയില്‍ മൊട്ടുസൂചിയും കയറ്റിയെന്നും മര്‍ദനത്തിനിടെ നാലുവട്ടം തലചുറ്റിവീണെന്നും. തണുത്തവെള്ളം തുടര്‍ച്ചയായി തലയിലൊഴിച്ചാണ് ബോധം തെളിയിച്ചതെന്നും യുവാവ് പറയുന്നു.
അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കി സര്‍ക്കാരിനും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിന് പരാതിനല്കിയതോടൊണ് കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരുന്നത്. പരാതിയില്‍ സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. കേസുകളില്‍ റജിനിനെ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിനുമായിരുന്നില്ല.
എന്നാല്‍, തനിക്കെതിരായ പോലീസ് നടപടിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് റജിന് ആരോപിക്കുന്നത്. നാട്ടുകാരനായ ഒരു വ്യവസായിക്ക് റജിനിനോടുള്ള വിരോധമാണ് കാരണം. ഇയാളുടെ ഗുണ്ടകള്‍ പലവട്ടം വീട്ടിലെത്തിപോലും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പൊലീസിനോട് അടുത്ത ബന്ധമുള്ളയാളാണ് ഈ വ്യവസായിയും. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും സസ്പെന്‍ഷനിലായ ഓഫിസര്‍മാരുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം തെളിയുമെന്നും റജിന് ആരോപിക്കുന്നു.


