തൊടുപുഴ: അഭിമന്യുവിന്റെ കൊലപാതകം ഇടുക്കി ജില്ലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളില്പെട്ടവരില് വലിയ ഭീതി ഉളവാക്കിയതായി ബിജെപി ഇടുക്കിജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ മുന്നണിയുടെ പൊള്ളയായ വര്‍ഗ്ഗീയവാദ വിരുദ്ധനയത്തിന്റെയും തീവ്രവാദികളോടുള്ള മൃദുസമീപനത്തിന്റെയും ഫലമാണ് ഈ പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ ജീവന് നഷ്ടപ്പെടുവാനുണ്ടായ സാഹചര്യമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടില്‍ മാതാപിതാക്കളെയും ബന്ധുക്കളേയും സന്ദര്‍ശിച്ചപ്പോഴാണ് ഇത് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വട്ടവട പഞ്ചായത്തില്‍ നിന്നും ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുവാനായി എത്തിയത്. ആ വിദ്യാര്‍ത്ഥിയുടെ ദാരുണമായ അന്ത്യം ആ കുടുംബത്തെ മാത്രമല്ല ആ നാടിനെയും ഹൈറേഞ്ചിലെ മുഴുവന്‍ ജനങ്ങളേയും ആശങ്കയിലാഴ്ത്തി. ഉന്നത വിദ്യാഭ്യാസത്തിന് ജില്ലയില്‍ മറ്റ് ആശ്രയങ്ങള്‍ ഇല്ലെന്നിരിക്കെ മറ്റു ജില്ലകളില്‍ വിദ്യാഭ്യാസത്തിനായി പോയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളിലും ഭീതി പരത്തി.
ഒരു വശത്ത് കോളേജുകള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന സ്ഘടനയുടെ പ്രവര്‍ത്തകനു തന്നെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പിടികൂടുവാന്‍ സാധിക്കാത്തതില്‍ വീട്ടുകാരും നാട്ടുകാരും കടുത്ത അതൃപ്തിയിലാണ്. അവരുടെ കൂട്ടത്തില്‍ നിന്നും ഇത്തരത്തില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ ഉയര്‍ന്നു വന്ന അഭിമന്യുവിനെതിരെ സംഘടനയില്‍ അമര്‍ഷവും അസഹിഷ്ണുതയും ഉണ്ടായിരുന്നതായി നാട്ടുകാരില്‍ പലരും സംശയിക്കുന്നതായി പറയപ്പെടുന്നു. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കുട്ടിക്കുണ്ടായ അനുഭവം ഇനിയൊരു വിദ്യാര്‍ത്ഥിക്കും സംഭവിക്കാതിരിക്കാന്‍ സര്‍ക്കാരും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് രക്ഷിതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.