കൊവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്ന സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ദേവാലായങ്ങള്‍ തുറന്നുകൊടുക്കാന്‍ തയാറാകുന്നില്ല. ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മണല്‍ വാരുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നത്. കരിമണല്‍ ലോബിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരിസ്ഥിതി അനുകൂല നിലപാടല്ല, സ്ഥാപിത താല്‍പ്പര്യക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മണല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. പമ്പ ത്രിവേണി മണല്‍ കടത്ത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.


