കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദ്ദേശി മീനാക്ഷി അമ്മാളാണ് (73)കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം പതിനൊന്നിലേയ്ക്ക് കടന്നു. ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ മരിച്ചതിന് ശേഷം പരിശോധനയ്ക്കയച്ച് സാംപിളില്‍ കൊവിഡ് പൊസിറ്റീവാണ് കാണിച്ചത്. മീനാക്ഷി അമ്മാളിന് പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് തന്നെ മീനാക്ഷി അമ്മാളിന്റെ സംസ്കാരം നടത്തും.


