തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ലക്ഷ്യമിട്ട് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്നാണ് ആവശ്യം. ആർ ശ്രീലേഖക്ക് വട്ടിയൂർക്കാവ് നൽകാനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനം. അതിനിടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലെ വിലയിരുത്തൽ.
നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ , കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസ്, വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആർ ശ്രീലേഖ എന്നിവര്‍ക്കായിരുന്നു രാജീവ് ചന്ദ്രശേഖർ ഓഫർ നൽകിയത്. എന്നാൽ ഇത് മറികടന്നാണ് കെ സുരേന്ദ്രന്റെ രംഗപ്രവേശം. മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്നാണ് കെ സുരേന്ദ്രന്റെ ആവശ്യം. വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നും സുരേന്ദ്രൻ നിലപാട് കടിപ്പിച്ചു. കെ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആലോചന.


