എറണാകുളം: ആലുവയില്‍ 5 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കുറ്റകൃത്യം നടന്ന് 100 ദിവസമാകുമ്ബോള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്.
ബിഹാര്‍ സ്വദേശി അസഫാക് ആലമാണ് കേസില്‍ പ്രതി. കേസില്‍ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. 645 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.അന്വേഷണ സംഘത്തിലെ തലവനായ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
ജൂലൈ 28 നായിരുന്നു കേരളത്തെ ഞെട്ടിച്ച കൃത്യം അരങ്ങേറിയത്. ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ 5 വയസ് പ്രായം വരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ താമസിക്കാനെത്തിയ അസംസ്വദേശിയായ പ്രതി ജ്യൂസ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. ഇതിനു മുൻപ് മൊബൈല്‍ മോഷണക്കേസിലും ഇയാള്‍ പ്രതിയാണ് .


