ആലുവ : ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി നാളെ പ്രസ്താവിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക. കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ എന്നിവ അടക്കം 16 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിൽ വെറും 26 ദിവസം കൊണ്ടാണ് എറണാകുളം പോക്സോ കോടതി വിചാരണ പൂർത്തിയാക്കിയത്.
കഴിഞ്ഞ ജൂലൈ 28ന് ആയിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കി അതിവേഗമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനായത്. ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതി ബീഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നൽകിയത്.


