ഗുരുതരമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് ദേവസ്വം പ്രസിഡന്റിന് ഒടുവില്‍ ബോധ്യപ്പെട്ടിരിക്കുന്നു. വിവാദങ്ങള്‍ കഴിഞ്ഞമാസം നടന്ന ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാനായി നടന്ന ആസൂത്രിത ഗൂഢാലോചനയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയതും, തൂക്കത്തില്‍ ഗണ്യമായ കുറവുവന്നതുമടക്കം നിരവധി കൃത്യവിലോപങ്ങള്‍ പുറത്തുവന്നതോടെയാണ് സ്വര്‍ണം പൂശലുമായുള്ള തട്ടിപ്പുകള്‍ പുറത്തുവന്നത്. സ്പോണ്സര് എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് കൊണ്ടുനടന്ന ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ലെന്നാണ് നിലവിലുള്ള ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ വെളിപ്പെടുത്തുന്നത്.
ശബരിമലയില്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നില്‍ എന്താണ് സത്യമെന്ന അന്വേഷണത്തിലാണ് ഭക്തര്‍. നിലവിലുള്ള നിയമ പ്രകാരം ശബരിമലയില്‍ നിന്നും ഉരുപ്പടികള്‍ കൊണ്ടുപോവുന്നതിനും മറ്റും വ്യക്തമായ നിയമം നിലനില്‍ക്കുമ്പോഴും, എല്ലാ കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തി സ്വര്‍ണപ്പാളികള്‍ എങ്ങിനെ ബാംഗ്ലൂരില്‍ എത്തിയെന്ന ചോദ്യത്തിന് മുന്നില്‍ ദേവസ്വം ബോര്‍ഡും ഉന്നതരും കൈമലര്‍ത്തുകയാണ്.
ദേവസ്വം മുന്‍ അധ്യക്ഷന്മാര് പരസ്പരം ആരോപണം ഉന്നയിക്കുകയും നിലവിലുള്ള അധ്യക്ഷന്‍ കൈമലര്ത്തുകയുമാണ് ചെയ്യുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ കോടതി നിലപാട് കടുപ്പിച്ചതോടെയാണ് കൂടുതല്‍ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് പോലും തയ്യാറായത്. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി പുറത്തുകൊണ്ടുപോയത് ആരുടെ അറിവോടെയാണ്. എങ്ങിനെയാണ് തൂക്ക കുറവുണ്ടായത് തുടങ്ങിയ ചോദ്യങ്ങളില്‍ സ്പോണ്സര് എന്നവകാശപ്പെടുന്ന ഉണ്ണികൃഷ്ണന് പോറ്റി വ്യക്തമായ ഉത്തരമല്ല നല്‍കിയിട്ടുള്ളത്. തനിക്ക് കോടതിയില്‍ വിശ്വാസമുണ്ടെന്നും പറയാനള്ളതെല്ലാം കോടതിയില്‍ പറയുമെന്നുമാണ് അദ്ദേഹം പറയുന്നത്.
സംഭവത്തില്‍ ദുരൂഹത ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ആരാണ് ഈ ഉണ്ണികൃഷ്ണ്‍ പോറ്റിയെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കുന്നില്ലെന്നതാണ് കൗതുകം. ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ടത് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈകളിലാണെന്നും എന്നാല്‍ അദ്ദേഹത്തെ തനിക്ക് അറിയില്ലെന്നുമാണ് തിരുവിതാംരൂര് ദേവസ്വം അധ്യക്ഷനായ പി എസ് പ്രശാന്ത് വ്യക്തമാക്കുന്നത്. 2019 ല്‍ ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഇതേ ഉണ്ണികൃഷണന് പോറ്റിയാണെന്നാണ് പറയപ്പെടുന്നത്.