തിരുവനന്തപുരം: അറബിക്കടലിന് തെക്ക് കിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ച ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ച സ്ഥിതിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്ന് മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചു.
മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍:
♦ അതിശക്തമായ കാറ്റുണ്ടായി കടല്‍ അതിപ്രക്ഷുബ്ധമാവുമെന്നതിനാല് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചയ്ക്ക് മുമ്പ് സുരക്ഷിതമായ ഏറ്റവുമടുത്ത തീരത്തെത്തണം. ♦ വ്യാഴാഴ്ചയ്ക്ക് ശേഷം ആരും കടലില്‍ പോകരുത്. ♦ തീരത്താകെ ഈ നിര്‍ദ്ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റും അറിയിക്കും. ♦ വ്യാഴാഴ്ചയോടെ കേരളത്തിലാകെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ♦ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശം സ്വീകരിക്കണം. ♦ വെള്ളിയാഴ്ചയോടെ ഇത്തരം സ്ഥലങ്ങളില്‍ കളക്ടര്‍മാര്‍ ക്യാമ്പുകള്‍ തയാറാക്കണം. ആവശ്യമെങ്കില്‍ ആളുകളോട് രാത്രി അവിടെ കഴിയാന്‍ നിര്‍ദ്ദേശിക്കാം. ♦ മലയോര മേഖലകളിലൂടെ രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണം. ♦ വെള്ളിയാഴ്ച മുതല്‍ ഇനിയൊരറിയിപ്പ് വരെ നീലക്കുറിഞ്ഞി കാണാനുള്ള മൂന്നാര്‍ യാത്ര ഒഴിവാക്കണം. ♦ വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറണം. ♦ ജലാശയങ്ങളില്‍ ഒരു കാരണവശാലും കുളിക്കാനും മീന്‍പിടിക്കാനോ ഇറങ്ങരുത്.♦ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകാനും വൈദ്യുതിലൈനുകള്‍ തകരാറിലാവാനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ♦ പ്രളയം ബാധിച്ചതും ഉരുള്പൊട്ടലുണ്ടായതുമായ സ്ഥലങ്ങളില്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. ♦ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍ണ്ണമായി വാസ യോഗ്യമായിട്ടില്ലാത്തതിനാല് മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകളൊരുക്കും. ♦ കേന്ദ്ര സേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടു. ♦ ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമുകളെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. ♦ഭിന്നശേഷിക്കാരെ സാമൂഹ്യ സുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിച്ച് ദുരന്ത സാദ്ധ്യതാമേഖലകളില് നിന്ന് മാറ്റിപ്പാര്‍പ്പിക്കണം. ♦ ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് നടപടികളെടുക്കും.
7ന് റെഡ് അലര്‍ട്ട്
പലേടത്തും ശക്തവും അതിശക്തവും അതിതീവ്രവുമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ 7ന് ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.


