വയനാട് ഉരുൾപൊട്ടലിൻ്റെ ആഘാതം വ്യക്തമാക്കുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. കാർട്ടോസാറ്റ് – 3, റിസാറ്റ് എന്നീ സാറ്റ്ലൈറ്റുകൾ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ (എൻആർഎസ്സി) പുറത്തുവിട്ടത്.86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്.
ഇതിൻ്റെ അവശിഷ്ടങ്ങൾ ഏതാണ്ട് എട്ടു കിലോമീറ്റർ ദൂരംവരെ പുഴയിലൂടെ ഒഴുകിപ്പോയെന്നും ചിത്രം സൂചിപ്പിക്കുന്നുണ്ട്. അവശിഷ്ടങ്ങളുടെ ഒഴുക്ക് പുഴയുടെ ഗതിമാറ്റുകയും പുഴയുടെ തീരത്തെ ഉൾപ്പെടെ നിർമിതികൾക്ക് നാശം വരുത്തുകയും ചെയ്തു.കഴിഞ്ഞ വർഷം മേയ് 22ന് കാർട്ടോസാറ്റ് – 3 സാറ്റ്ലൈറ്റ് പകർത്തിയതാണ് ഉരുൾപൊട്ടലിന് മുൻപത്തെ പ്രദേശത്തിൻ്റെ ചിത്രം. ഉരുൾപൊട്ടലിന് ശേഷമുള്ള ചിത്രം ജൂലൈ 31ന് റിസാറ്റ് സാറ്റ്ലൈറ്റ് ആണ് പകർത്തിയത്.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 341 പേരാണ് മരിച്ചത്. അതേസമയം വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


