മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ജൂൺ 29 ന് രാവിലെയാണ് കടൽച്ചൊറി കണ്ണിൽത്തെറിച്ചത്. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം.
അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു.ജയശാന്തിയാണ് ഭാര്യ. ദിലീപ്, രാജി, രാഖി എന്നിവരാണ് മക്കൾ. ഗ്രീഷ്മ, ഷിബു, ജോണി എന്നിവർ മരുമക്കളാണ്.


