നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പെരുവഴിയില്‍. റാങ്ക് പട്ടിക റദ്ദാകാന്‍ ഒരു മാസം മാത്രം അവശേഷിക്കുമ്പോളും ഭൂരിഭാഗം ഉറപ്പുകളും പാലിച്ചില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യലും സ്ഥാനക്കയറ്റത്തിലൂടെ ഒഴിവ് സൃഷ്ടിക്കലും ഇഴഞ്ഞ് നീങ്ങുകയാണ്.
പട്ടികയില്‍ ഇടംപിടിച്ച നാല്‍പ്പതിനായിരത്തോളം ഉദ്യോഗാര്‍ഥികള്‍ ഇപ്പോഴും തൊഴില്‍ രഹിതരായി തുടരുന്നു. വനിതാ ഉദ്യോഗാര്‍ഥികളടക്കം സെക്രട്ടേറിയറ്റ് പരിസരത്ത് മുട്ടിലിഴഞ്ഞും യാചിച്ചും 36 ദിവസം രാപ്പകല്‍ സമരം കിടന്നു. തിരിച്ചടിയാകുമെന്ന് കണ്ട സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് ചര്‍ച്ച നടത്തി വാഗ്ദാനങ്ങള്‍ നല്കി, ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
പരമാവധി നിയമനമെന്നായിരുന്നു പ്രധാന ഉറപ്പ്. സമരം അവസാനിപ്പിച്ച ശേഷം നടത്തിയത് വെറും 900 നിയമനം. അങ്ങിനെ 46285 പേരുടെ പട്ടികയില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ചത് 6613 പേര്‍ക്ക് മാത്രം. ബാക്കിയുള്ള 40000ത്തോളം പേര്‍ക്ക് നിയമനം നല്‍കാനായി ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും സ്ഥാനക്കയറ്റത്തിലൂടെ ഒഴിവ് സൃഷ്ടിക്കുമെന്നും മന്ത്രി എഴുതി ഒപ്പിട്ട് കൊടുത്തതാണ്.
നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ഏകീകരിച്ചും ഹയര്‍ സെക്കണ്ടറിയില്‍ അനധ്യാപിക നിയമനം നടത്തിയും ഒഴിവ് സൃഷ്ടിക്കുമെന്നതും ജലരേഖയായി. ലോക്ഡൗണ്‍ മൂലം ഓഫീസുകളടച്ചതാണ് തടസമായതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.


