ഇന്ധനവില വര്‍ധനയ്ക്കെതിരെ എസ്.ഡി.പി.ഐ ജൂലൈ 6ന് ജനകീയ സമരം സംഘടിപ്പിക്കും. ‘രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോഡി സര്‍ക്കാരിനെതിരെ എസ്.ഡി.പി.ഐ സമരദിനം’ എന്ന തലക്കെട്ടില്‍ പഞ്ചായത്തു തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നെന്ന പേരിലാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍ കൊള്ളയടി തുടരുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോഴാവട്ടെ റോഡ് സെസും എക്സൈസ് തീരുവയും വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകുല്യം ജനങ്ങള്‍ക്കു നല്‍കാതെ കൈവശപ്പെടുത്തുകയാണ് മോഡി സര്‍ക്കാര്‍. മൂന്നു മാസത്തിലധികമായി തുടരുന്ന ലോക്ഡൗണില്‍ രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. തൊഴിലും ഉപജീവനമാര്‍ഗവും തടസ്സപ്പെട്ട് കോടിക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വലിയ വിലക്കയറ്റത്തിന് ഇടയാക്കും. പ്രളയമുള്‍പ്പെടെയുള്ള കാലവര്‍ഷ കെടുതിയില്‍ പല സംസ്ഥാനങ്ങളും അതീവ ഗുരുതര സാഹചര്യത്തിലാണുള്ളത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്ധന വിലവര്‍ധനവും അതുമൂലമുള്ള വിലക്കയറ്റവും കൊടിയ പട്ടിണിയിലേക്ക് ജനങ്ങളെ തള്ളിവിടും. അനുദിനം ഇന്ധനവില വര്‍ധനവ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും മജീദ് ഫൈസി അറിയിച്ചു.