തിരുവനന്തപുരം: ‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി.
വിധിയാവാം. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ – തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ.
‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’.– അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു.