കൊല്ലം: ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി ഷാജഹാനും കൊല്ലപ്പെട്ട ബഷീറും തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപണം. എന്നാല്‍ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും സിപിഎം ആരോപണം തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞിരുന്നു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
സിപിഎം പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീറാണു കഴിഞ്ഞ ദിവസം കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.

