കാസര്‍കോട്: രണ്ടാം കുരുക്ഷേത്രയുദ്ധമായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ രണ്ട് ദൗത്യമാണു ജനാധിപത്യ കക്ഷികള്‍ക്കുളളത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെ പുറത്താക്കണം. കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി. കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പ്രളയത്തില്‍ തകര്‍ന്നവരെ അവഗണിച്ചു. കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന ഒരേ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പിണറായിയും നരേന്ദ്രമോദിയും നീങ്ങുന്നത്. നരേന്ദ്ര മോദി നയിക്കുന്ന കൗരവരെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ്. യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്വം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകും.

