തിരുവനന്തപുരം: സംഘപരിവാര്‍ ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായതെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരി. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണ്.ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലും ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുമാണ് കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ആക്രമിക്കപ്പെട്ടത്.
തകര്‍ക്കപ്പെട്ട കെ.എസ്.ആര്.ടി.സി ബസ്സുകള്‍ അണിനിരത്തിക്കൊണ്ടുള്ള വിലാപയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന് തച്ചങ്കരി നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചത്. ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവന്നേക്കാം. വോള്‍വോ, സ്കാനിയ തുടങ്ങിയ ബസ്സുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിയും വന്നേക്കാം. ഇതുമൂലം ബസ്സുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


