കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇനിയും തിരികെ വീടുകളിലെത്താനായിട്ടില്ല. ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തില്‍ ഇവരുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന് വ്യക്തമാക്കി. 
മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് അവിടെ നിന്ന് ഇറങ്ങിയ ഇരുവരും വീണ്ടും പോലീസ് സംരക്ഷണം തേടി. കഴിഞ്ഞ രാത്രിയില്‍ യാത്ര തുടര്‍ന്ന ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലൊന്നും വീടുകളിലേക്ക് മടങ്ങാനാവില്ല. പ്രതിഷേധക്കാര്‍ വീടുകള്‍ ഉന്നം വച്ചിരിക്കുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്.

