മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം. പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം നടത്തുന്നത്.
ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ല. 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കൾ പറയുന്നു. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതിനിടെ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
9-ാം ക്ലാസിൽ മാത്രം 71 കുട്ടികൾ മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താൻ സ്കൂൾ ആലോചന നടത്തിയത്. എന്നാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.


