ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് പവിത്രൻ 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്.
തള്ളിയിട്ട ശേഷവും കണ്ടക്ടർ വയോധികനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്സാശികളായ പ്രവീണ്‍, പുരുഷൻ എന്നിവര്‍ പറഞ്ഞു. തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുകയായിരുന്ന ശാസ്താ ബസിൽ വെച്ച് ഏപ്രിൽ രണ്ടിനായിരുന്നു സംഭവം.വീണുകിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് തലയില്‍ മുറിവേറ്റത് കണ്ടതെന്നും ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞപ്പോള്‍ പൊക്കി നോക്കിയശേഷം ഒരു കുഴപ്പവുമില്ലലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ പ്രവീണ്‍ പറഞ്ഞു.


