മൂവാറ്റുപുഴ: കഥകളി സംഗീതജ്ഞന് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപണിക്കര്‍ 1927 നവംബറില്‍ ചേര്‍ത്തലയില്‍ വാസുദേവപ്പണിക്കരുടേയും നാണിയമ്മയുടേയും മകനായി ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സംസ്കൃതം പഠിച്ചു. (ശാസ്ത്രി). തുടര്‍ന്ന് കഥകളി സംഗീതാധ്യയനം തുടങ്ങി. തകഴി കുട്ടന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠന് നമ്പീശന് എന്നിവരാണ് ഗുരുനാഥന്മാര്. മരുത്തോര്‍വട്ടം രാമചന്ദ്രന് പോറ്റി, ഏഴിക്കര രാമദാസ് എന്നിവരില്‍ നിന്ന് ശാസ്ത്രീയസംഗീതവും അഭ്യസിച്ചു.
1956-ല്‍ പേരൂര്‍ ഗാന്ധി സേവാസദനം അക്കാദമിയിലെ കഥകളി സംഗീത അധ്യാപകനായി. 1962-ല്‍ തൃപ്പൂണിത്തുറ ഗവ: ആര് എല്‍.വി അക്കാദമിയില്‍ സംഗീതാധ്യാപകനായി. 1983-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. 45 വര്‍ഷം ആകാശവാ ലണിയില് പരിപാടികള്‍ അവതരിപ്പിച്ചു. തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ പാടാനറിയും. നാല്‍പ്പത്തഞ്ചോളം ആട്ടക്കഥകള്‍ മുഴുവനറിയാം. കലാമണ്ഡലം കൃഷ്ണന് നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലന് നായര്‍, ഗുരു കുഞ്ചുക്കുറുപ്പ് മുതല്‍ ഇന്നത്തെ യുവകലാകാരന്മാരുടെ വരെ പ്രധാന പിന്നണി ഗായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങള്‍
കലാസപര്യക്കിടയില്‍ നിരവധി പൊന്നാടകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1961-ല്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്ററിന്റെ തങ്കമുദ്ര, 1993-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2000-ല്‍ ശ്രീ പൂര്‍ണത്രയ കഥകളി സംഗീത കലാകൗസ്തുഭം. 2002-ല്‍ കേരള കലാമണ്ഡലം അവാര്‍ഡ്, 2003-ല്‍ സദനം കഥകളി അക്കാദമി ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, 2004-ല്‍ കലാമണ്ഡലം കൃഷ്ണന് നായര്‍ സ്മാരക അവാര്‍ഡ്, 2009-ല്‍ തകഴി കെ. മാധവക്കുറുപ്പ് സ്മാരക അവാര്‍ഡ്, കോട്ടയം കളിയരങ്ങിന്റെ കലാമണ്ഡലം ഹൈദരലി സ്മാരക അവാര്‍ഡ്, 2012-ല്‍ കലാമണ്ഡലം കരുണാകരന് സ്മാരക അവാര്‍ഡ്, 2013-ല്‍ ഉണ്ണായിവാര്യര്‍ പുരസ്ക്കാരം, ദുബായ് അരങ്ങിന്റെ പുരസ്കാരം, 2014-ല്‍ മാതാ അമൃതാനന്ദമയി ദേവി യുടെ പിതാവ് ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക പുരസ്കാരം, 2015-ല്‍ കലാമണ്ഡലം നീലകണ്ഠന് നമ്പീശന് സ്മാരക പുരസ്കാരം, 2016-ല്‍ കാലാമണ്ഡലം അപ്പു ക്കൂട്ട പൊതുവാള് മെമ്മോറിയല്‍ ട്രസ്റ്റ് അവാര്‍ഡ്, 2017-ല്‍ കോട്ടക്കല്‍ പരമേശ്വരന് നമ്പൂതിരി സ്മാരക ഗുരദക്ഷിണ പുരസ്കാരം, ശങ്കരാദരണം സംഘാടകസമിതിയുടെ കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്കാരം. 2018-ല്‍ കലാമണ്ഡലം രാജന് മാസ്റ്റര്‍ പുരസ്കാരം, 2019-ല്‍ തൃശ്ശൂര്‍ സഹൃദയവേദി പുരസ്കാരം, 2020 ല്‍ സതി വര്‍മ്മ മെമ്മോറിയല്‍ പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, 2022ല്‍ പറവൂര്‍ കളിയരങ്ങിന്റെ കളിയച്ചന് പുരസ്കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ഇങ്ങനെ നിരവധി പാരിതോഷികങ്ങള്‍ ലഭിച്ചു.


