പന്തളം : നടന് കൃഷ്ണകുമാറിന്റെ വാഹനത്തില്‍ പൊലീസ് വാഹനം ഇടിച്ചതായി പരാതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ച പൊലീസ് വാഹനമാണ് നടന്റെ കാറില്‍ മുട്ടിയത്. പൊലീസ് വാഹനം മനഃപ്പൂര്‍വ്വം തന്റെ കാറില്‍ ഇടിക്കുകയായിരുന്നു എന്ന ആരോപണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി എന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കൃഷ്ണകുമാര്‍ പന്തളം പൊലീസില്‍ പരാതി നല്കി.
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ മുഖ്യമന്ത്രി എംസി റോഡിലെ പന്തളം വഴി പോകവേയാണ് അപകടം നടന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനം വ്യൂഹത്തിന് ഏറ്റവും പിന്നിലായി പോയിരുന്ന പൊലീസ് സ്ട്രൈക്കര്‍ വാഹനമാണ് നടന് കൃഷ്ണകുമാറിന്റെ കാറില്‍ മുട്ടിയത്. തന്റെ കാറില്‍ മനഃപ്പൂര്‍വ്വം പൊലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ തങ്ങളുടെ കാര്‍ റോഡിന്റെ ഒരു വശത്തേക്ക് നീങ്ങിയെന്നും കൃഷ്ണകുമാര്‍ പറയുന്നു.
മാത്രമല്ല ഇടിച്ച ശേഷം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാറില്‍ ഉണ്ടായിരുന്നവരോട് മോശമായി പെരുമാറി എന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നുണ്ട്. അസഭ്യം പറയുന്നതടക്കം കാറിലുള്ളവരോട് വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ പെരമാറിയത്. തുടര്‍ന്ന് കൃഷ്ണകുമാര്‍ ഇടിച്ച കാറില്‍ തന്നെ പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തി സിഐക്ക് പരാതി നല്‍കുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് തങ്ങളെ അപകടത്തില്‍പ്പെടുത്താന്‍ നോക്കിയെന്നും ഇത് ചോദ്യം ചെയ്ത് തങ്ങളെ അസഭ്യം പറഞ്ഞെന്നും കൃഷ്ണകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് അകമ്പടി സേവിച്ച സ്ട്രൈക്കര്‍ വാഹനമാണ് അപകടം വരുത്തി വെച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട കാറിന് കേടുപാടുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.


