കൊച്ചി:മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്. ആദ്യ നോട്ടീസില്‍ ആന്റോ ഹാജരായിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ആന്റോ അഗസ്റ്റിന് എത്തിയില്ല. അഞ്ചാം തിയതിക്ക് ശേഷം ഹാജരാവാമെന്ന് ആന്റോ ആവശ്യപ്പെട്ടെങ്കിലും ഇന്ന് തന്നെ എത്തണമെന്ന് പോലീസ് നിലപാട് എടുത്തു. ഇല്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന മുന്നറിയിപ്പും നല്കി. ഇതോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരായത്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്. രേഖകളുമായി സമീപിച്ചെന്ന് പറയുന്നവര്‍ ആരെന്നതടക്കമുള്ള വിവരങ്ങള്‍ പോലീസിന് കണ്ടെത്തേണ്ടതുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ അജ്ഞാതരെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസ്.

