ഇടുക്കി: വനത്തില്‍ അജ്ഞാത സംഘത്തിന്റെ സാനിധ്യം കണ്ടെത്തിയതോടെ വനവാസികള്‍ പരിഭ്രാന്തരായി. ആറംഗ സംഘമെന്നാണ് പ്രാഥമീക നിഗമനം. മാവോയിസ്റ്റ് സാനിധ്യം തള്ളികളയാതെ പൊലിസും രംഗത്തെത്തിയതോടെ പോലീസ്, വനം വകുപ്പുകള്‍ സംയുക്തമായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിലെ കൈതച്ചാല്‍ വനത്തിലാണ് കഴിഞ്ഞ നാലു ദിവസമായി അജ്ഞാതസംഘം ഉള്ളതായി സ്തിതീകരിച്ചത്. വിവരം പുറത്തായതോടെ ഇവര്‍ എറണാകുളം-ഇടുക്കി ജില്ലാ അതിര്‍ത്തിയായ നേര്യമംഗലം വനമേഖലയിലേക്ക് കടന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, വനം വകുപ്പുകള്‍ അന്വോഷണം തുടങ്ങി.
കഴിഞ്ഞ ദിവസമാണ് ആറംഗ അജ്ഞാത സംഘം കൈതച്ചാല്‍ വനത്തില്‍ തമ്പടിച്ചിരിക്കുന്നതായി വിവരം പുറത്തു വന്നത്. ഇതേ തുടര്‍ന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗവും വനപാലകരും അന്വേഷണം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച അടിമാലി റേഞ്ചിലെ വനപാലക സംഘം ഇവരെ സാഹസികമായി പിടികൂടാന്‍ ശ്രമിച്ചെങ്കിലും അജ്ഞാതര്‍ അതിവിദഗ്ദമായി ഉള് വനത്തി ലേക്ക് രക്ഷപ്പെടുകയായിരുന്നു.
അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയിലെ പതിനാലാം വാര്‍ഡിനു സമീപത്തുള്ള വന മേഖലയിലാണ് അജ്ഞാതരെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകരും പോലീസും അന്വേഷണം തുടങ്ങിയത്. സംഭവമറിഞ്ഞെത്തിയ വനപാലകര്‍ പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി. അടിമാലി – 200 ഏക്കര്‍ പരിസരത്തെ മരിക്കാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയില്‍ നില്‍ക്കുകയായിരുന്ന അജ്ഞാതര്‍ വനപാലകരെ കണ്ട് കൊടും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു
ഇതിനിടയില്‍ സമീപത്തെ ജനവാസ മേഖലയില്‍ നിന്നും ഭക്ഷണ സാധനങ്ങളും പഴ വര്‍ഗങ്ങളും മോഷണം പോയതായി പോലിസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുന്നൂറേക്കര്‍, മന്നാങ്കാല, കത്തിപ്പാറ,ചിന്നപ്പാറ, സമീപത്തെ ആദിവാസികുടികള് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഭീതിയിലാകുകയും ചയ്തിരുന്നു.
പ്രദേശവാസികളുടേയും ആദിവാസികളുടേയും സഹായത്തോടെ അജഞാത സംഘത്തെ പിടികൂടാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനിടെ സംഘത്തിന്റെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.