തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്കുമാറിന്റെ കുടുംബം. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. തൽക്കാലം നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ലെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ മാത്രം സമരമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ അറിയിച്ചു.
മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വിജയമ്മ പറഞ്ഞു.
ജൂൺ 12-നാണ് ഹരിത ഫൈനാൻസ് ചിട്ടി തട്ടിപ്പിൽ പ്രതിയാക്കി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്കുമാർ മരിച്ചത്.


