തിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ മലയാളം സ്പോർട്സ് കമൻട്രിക്ക് ആദരം. സർവകലാശാല ചരിത്രത്തിൽ ഇതാദ്യമായാണ് ഭാഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാഹിത്യേതര മേഖലയിൽ നിന്ന് ഒരു വ്യക്തിത്വത്തെ ആദരിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ഐ എസ് എൽ ഫുട്ബോൾ ടൂർണമെന്റുകളിൽ മലയാളം കളി വിവരണം വഴി ശ്രദ്ധേയനായ ഷൈജു ദാമോദരൻ ആണ് കഴിഞ്ഞ ദിവസം തിരൂരിൽ മലയാള സർവകലാശാല ആസ്ഥാനത്തെ ചടങ്ങിൽ ആദരം ഏറ്റുവാങ്ങിയത്. സർവകലാശാലയിൽ സംഘടിപ്പിച്ച ത്രിദിന ഭാഷാ സെമിനാറിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ആദരിക്കൽ ചടങ്ങ്.
മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ അധ്യക്ഷനായി. കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരീക്ഷാ കൺട്രോളർ ഡോ.രാധാകൃഷ്ണൻ , ജനറൽ കൺവീനർ കെ.പി.രാമനുണ്ണി , ഡോ.ഗണേഷ് , വിദ്യാർഥി യൂണിയൻ ചെയർമാൻ നന്ദുരാജ്, വി.സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.