തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് മാധ്യമ നിയന്ത്രണങ്ങളില്‍ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്. നവംബര്‍ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇറക്കിയ ഉത്തരവായിരുന്നു വന്‍വിവാദത്തിലായത്.
വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമര്‍ശം.എന്നാല്‍ കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവില്‍ ഈ പരാമര്‍ശങ്ങള്‍ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളില്‍ നേതാക്കള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അറിയിപ്പ് പിആര്‍ഡി വഴി മാത്രമേ നല്‍കാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാധ്യമങ്ങളെയും വിവരങ്ങള്‍ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങള്‍ എടുക്കണമെങ്കില്‍ പിആര്‍ഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകള്‍ വഴി നേരിട്ട് തന്നെ മാധ്യമങ്ങള്‍ക്ക് അനുമതി തേടാം.

